ഹംപി യിലെ സൂര്യോദയം – യാത്രാ വിവരണം

ചില സൗന്ദര്യങ്ങൾ കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലുണ്ട്. . ഹംപി യിലെ സൂര്യോദയകാഴ്ചയും അത്തരത്തിലുള്ളതാണ്.അത് നല്കുന്ന അനുഭൂതി സമാനതകളി ല്ലാത്തതും അപൂർവങ്ങളിൽ അപൂർവവുമാണ്. വിവരിക്കാൻ വാക്കുകൾ അശക്തം. എന്നാലും ചെറിയൊരു ശ്രമം.
കിഴക്കൻ ആകാശത്തിന്റെ താഴ്വാരം മുഴുവനും അരുണരാശി പടർന്നു കയറി . മഴവിൽ നിറമാർന്ന പശ്ചാത്തലത്തിൽ സൂര്യോദയത്തി ന്റെ തിരനോട്ടത്തിന് സ്വർണ പൊടി വിതറിക്കൊണ്ട് പ്രകൃതിയമ്മ നേരിട്ട് നാന്ദി കുറിച്ചു. സമയം 5.42 കിഴക്കഭിമുഖമായ പാറക്കെട്ടിലിരു ന്ന് കണ്ണൻ, സൂരജ് പിന്നെ ഞാനും. ഞങ്ങൾ നൂറോളം പേർ. ഭൂരിപക്ഷ വും മലയാളികളാണ് . ചുവപ്പ് രാശി മഞ്ഞയായി തുടങ്ങുന്ന സന്ധിയിൽ വേർതിരിച്ചറിയാനാവാത്ത ഒരു നിറച്ചാർത്ത് പരന്ന് കിടന്നു .അതവിടെയങ്ങനെ ഒഴുകി കളിക്കുന്നു. ആരൊ തട്ടിമറിച്ചിട്ട ചായക്കൂട്ടുകൾ അവിടവിടെ തളം കെട്ടിക്കിടക്കുന്നു. വെള്ള ആകാശം തലക്ക് മുകളിൽ വലിയ ഒരു പാത്രം കമഴ്ത്തിവെച്ച പോലെ. തൂക്കിയിട്ട ഒരു റാന്തൽ വിളക്ക് പോലെ ചന്ദ്രൻ അപ്പോഴും തെളിഞ്ഞു നിന്നു. തണുവായി ഒരു കാറ്റ് ….മേനി തഴുകി ഒഴുകി എങ്ങോട്ടോ ഓടി പോയി. കുന്നിന് താഴെ വെള്ളി അരഞ്ഞാണമായി തുംഗഭദ്രാ നദി. തെക്ക് ഭാഗം മുഴുവൻ അലക്ഷ്യമായി കൂട്ടിയിട്ട കല്ലിൻകൂട്ടങ്ങൾ രചിച്ച കവിത .

(C) Dharmakshethra / Suresh Babu Vilayil

സമയം 6.05. പൂർവാംബരത്തിലെ അരുണ രാശി മുഴുവനായി പീതാംബരം വാരി ചുറ്റി . നെറ്റിയിൽ കുംകുമം ചാർത്തി അവൾ പ്രൗഢയായി. കമ്പിളിക്കെട്ടുപോലെ അവിടവിടെ പാറി നടന്ന മേഘച്ചാർത്തുകൾ ഒരിടത്ത് കൂട്ടം കൂടി നിന്ന് സൂര്യന്റെ തിരുമുഖദർശനത്തിന് വിഘാതമാകുമോയെന്ന ആശങ്ക.പെട്ടെന്ന് ഒരു തീപ്പൊരി ചിതറി. ചുട്ടുപഴുത്ത ഒരു ചെറിയ ഇഷ്ടികക്കട്ട. അരണി കടഞ്ഞ് ആദ്യത്തെ തീപ്പൊരി അഗ്നി കുണ്ഠ ത്തിൽ പടർന്ന പോലെ . അതോ പൊന്നുരുക്കുന്ന തട്ടാന്റെ ഉലയിലെ തിളക്കം പോലെയോ? ഒരു നിമിഷാർധത്തിൽ സൂര്യ സ്ഫുല്ലിംഗ ത്തിന്റെ തിരനോട്ടം . അത് മെല്ലെ യുയർന്ന് ഒരു ചാൺ പൊങ്ങി. പിന്നെയൊരു ചാപാ കൃതി പൂണ്ടു..ആ വില്ലു സ്വയം വലിച്ച് കുല ച്ച് പൂർണ്ണ ഗോളമായി .ഉൾവശം മുഴുവനും വജ്രമായി വിളങ്ങി നിന്നു. നമിച്ചു . ശിരസ്സ് ഭൂമിയിൽ മുട്ടിച്ചു .മനസ്സ് മന്ത്രിച്ചു .സ്വസ്തി ഹേ സൂര്യതേ സ്വസ്തി …. മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യ….


Author: സുരേഷ് ബാബു ,വിളയിൽ /Suresh Babu Vilayil