ഗർജ്ജിക്കുന്ന നിശ്ശബ്ദത – പുസ്തക പരിചയം

മലയാളത്തിന്റെ ആത്മകഥാസാഹിത്യത്തിലേക്ക് ഒരു നവാതിഥികൂടി. നാദാനന്ദ അവധൂതരുടെ ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ച “വിധിക്കപ്പെട്ടവന്റെ ചിത ഗർജ്ജിക്കുന്ന നിശ്ശബ്ദത” എന്ന ഒന്നും രണ്ടും ഭാഗങ്ങൾ മനോഹരമായ ഭാഷയിൽ ശ്രീ’ കെ.ജി രഘുരാമൻ വിവർത്തനം ചെയ്തു കറന്റ് ബുക്സ്പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രകൃതിയുടെ ദ്വന്ദങ്ങളുമായി വിലയനം ചെയ്ത് സ്വത്വാന്വേഷണം നടത്തുന്ന രീതിയാണ് അവധൂത വൃത്തി.

എല്ലാ വൈരുദ്ധ്യങ്ങളേയും വൈവിദ്ധ്യമായി കണ്ട് അദ്വൈതത്തിന്റെ സ്വാത്മാനുഭൂതി അപരന് ബോദ്ധ്യപ്പെടുത്തലും ശിഷ്യ പരമ്പരയിലൂടെ അതിനെ അരക്കിട്ടുറപ്പിക്കലും ചെയ്യുന്ന ആ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ശാസ്ത്രീയതയുടേയും അശാസ്ത്രീയതയുടേയും അതിർവരമ്പുകൾ നഷ്ടപ്പെട്ട് അന്തം വിടുന്ന അവസ്ഥയിൽ വായനക്കാരെ എത്തിക്കുന്ന സവിശേഷ ശൈലിയാണ് ഗ്രന്ഥകാരന്റെത്.

ഒരു സാധാരണ നമ്പൂതിരി കുടുംബത്തിൽ ജനിച്ച് കോളേജ് വിദ്യാഭ്യാസവും നാടകപ്രവർത്തനങ്ങളുമായി നടന്ന ഒരു യുവാവ് അവധൂതനായി മാറിയ കഥ ചുരുൾ നിവരുന്നത് വിസ്മയാവഹമായ കയ്യടക്കത്തോടെ നിർവഹിച്ചിരിക്കുന്നു. വർത്തമാനകാലത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ഈ ആത്മകഥ … സന്യാസത്തിന്റെ മൂല്യങ്ങളേയും എന്നാൽ അതിനെ വിറ്റുതുലക്കുന്ന വ്യാജന്മാരേയും ഈ ആത്മകഥയിൽ പരിചയപ്പെടാം.ഹൃദ്യമായ വായനാനുഭവം…. പ്രണാമം


Author: സുരേഷ് ബാബു ,വിളയിൽ /Suresh Babu Vilayil

Book Reviewed :  ഗർജ്ജിക്കുന്ന നിശ്ശബ്ദത/  Garjikkunna Nishabdatha