Naga Sadhu gets ready to participate in the religious event in Kumbhmela

നാഗ സന്യാസി

കുംഭ മേളയോളം പഴക്കമുണ്ട് നാഗസന്യാസിമാർക്കും എന്ന് വേണം കരുതാൻ .വേദകാലം തൊട്ട് നടക്കുന്ന ഒന്നാണ് ഭാരതീയ വിശ്വാസത്തിൽ കുംഭമേള .

കുംഭമേളക്കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് നാഗ സന്യാസിമാരെക്കുറിച്ചാണ്. അഘോരി സന്യാസിമാരും നാഗ സന്യാസിമാരും ഒന്നാണെന്ന തെറ്റിദ്ധാരണ പലരും വച്ച് പുലർത്തുന്നുണ്ട്. എന്നാൽ അത് രണ്ടും രണ്ടാണെന്നും, ഭാരതത്തിലെ നിരവധിയായ സന്യാസ ശാഖകളിൽ ഓരോന്ന് മാത്രമാണ് ഈ രണ്ട് സന്യാസി സംഘങ്ങളും എന്നും തിരിച്ചറിയേണ്ടതുണ്ട്. എന്തായാലും കുംഭമേളകളിലെ ഏറ്റവും സുപ്രധാന സാനിധ്യമാണ് നാഗസന്യാസിമാരുടേത്. അഘോരി സന്യാസിമാരെപ്പോലെത്തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സന്യാസി സമൂഹമാണ് നാഗ സന്യാസിമാരുടേതും. വളരെ സമഗ്രമായി നാഗസന്യാസ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്ന Bodhi Dutta എഴുതിയ ഒരു ലേഖനം വായിക്കൂ..


ഭാരതം കുംഭ മേളയുടെ ലഹരിയിലാണ് . പ്രയാഗിൽ നടക്കുന്ന അർദ്ധ കുംഭ മേള ലോക മാധ്യമങ്ങളിൽ പോലും നിറഞ്ഞു നിൽക്കുന്നു .ഹർ ഹർ മഹാദേവ ജപത്താലും വാദ്യഘോഷത്താലും മുഖരിതമായ പ്രയാഗിൽ പുഷ്പഹാരങ്ങളും രുദ്രാക്ഷവും കൊണ്ട് അലങ്കരിച്ച ഭസ്മം പൂശിയ ദേഹവുമായി ,തീക്ഷ്ണമായ് ജ്വലിക്കുന്ന കണ്ണുകളും എന്നാൽ പ്രസന്ന ഭാവവുമായി അല്പവസ്ത്ര ധാരികളായും , കാഷായ വസ്ത്ര ധാരികളായും ,പൂർണ നഗ്നരായും പ്രയാഗിൽ ഷാഹി സ്നാനാനത്തിനായെത്തിയ നാഗ സാധുക്കൾ കൗതുകവും, അസ്വസ്ഥതയും , ആരാധനയും മുതൽ ഭയം വരെ ജനിപ്പിക്കുന്ന അത്ഭുത മനുഷ്യരാണ് . നിഗൂഢത കാത്തു സൂക്ഷിക്കുന്ന നാഗ സാധുക്കളെ കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമാണ് . നാഗരികതയിൽ നിന്നും അകന്നു നിൽക്കുന്ന അവർ അത് കൊണ്ട് തന്നെ ഇന്നും ഒരു പ്രഹേളികയാണ് .എന്നാൽ അവർക്കു സാധാരണക്കാരിൽ നിന്നും ലഭിക്കുന്ന ബഹുമാനം തന്നെ ആണ് കുംഭമേളയുടെ പ്രധാന ആകർഷണം . കോടിക്കണക്കിനു ജനങ്ങൾ ഒഴുകുന്ന കുംഭ മേളയിൽ ആദ്യമായി സ്നാനം ചെയ്യാനുള്ള അവകാശവും അവർക്കു തന്നെ ആണ് . നാനാത്വവും , വൈവിധ്യവും ആഘോഷിക്കപ്പെടണം എന്ന് ലോകം മുഴുവൻ മുറവിളി ഉയരുമ്പോൾ ഭാരതത്തിനു ഉയർത്തിക്കാട്ടാൻ കുംഭ മേളയും , നാഗ സാധുക്കളും കാലങ്ങളായുള്ള അവളുടെ വരേണ്യമായ പൈതൃകത്തിന്റെ അടയാളമാണ് .

ഭാരതത്തിലെ ആഘോഷങ്ങൾക്കെല്ലാം പിറകിൽ ഐതീഹ്യങ്ങളും ഉണ്ട് .കുംഭമേളയുടെ ഐതീഹ്യം ദേവാസുര യുദ്ധവും, അമൃതിനായി നടന്ന പാലാഴി മഥനമായും ബന്ധപ്പെട്ടതാണ് . അസുരന്മാരുടെ കയ്യിലെതാതിരിക്കാൻ മഹാവിഷ്ണു ദാസനായ ഗരുഡ ഭഗവാൻ അമൃതവുമായി ആകാശമാർഗം പറന്നപ്പോൾ അമൃത കുംഭത്തിൽ നിന്നും താഴെ നാല് തുള്ളി അമൃത് താഴെ വീണു . ആ തുള്ളികൾ
ഹരിദ്വാരിലെ ഗംഗയിലും, ഉജ്ജയിനിയിലെ ക്ഷിപ്രനദിയിലും, നാസിക്കിലെ ഗോദാവരിയിലും, പ്രയാഗിലെ ഗംഗയമുനസരസ്വതി നദികളുടെ സംഗമസ്ഥാനത്തുമാണ് പതിച്ചത് എന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ കുംഭ മേളയുടെ സമയത്ത് മേല്പറഞ്ഞ പുണ്യ നദികളിൽ സ്നാനം ചെയ്‌താൽ പാപ മോക്ഷം ലഭിക്കുന്നു എന്നാണ് ഭാരതീയർ വിശ്വസിക്കുന്നത് .

കുംഭ മേളയോളം പഴക്കമുണ്ട് നാഗസന്യാസിമാർക്കും എന്ന് വേണം കരുതാൻ .വേദകാലം തൊട്ട് നടക്കുന്ന ഒന്നാണ് ഭാരതീയ വിശ്വാസത്തിൽ കുംഭമേള . എന്നാല്‍ രേഖപ്പെടുത്തിയ ചരിത്രം തുടങ്ങുന്നത് ചൈനീസ്‌ സഞ്ചാരിയായ ഹുയാങ് സാങ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ(629 -645 CE) കാലഘട്ടം മുതലാണ്‌.മോഹെൻ ജൊദാരോ സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ നാഗസന്യാസികളുടെ രൂപങ്ങൾ ആവരണം ചെയ്ത നാണയങ്ങളും , പശുപതിനാഥ രൂപത്തിലുള്ള അവരുടെ ശിവ ഉപാസനക്കുള്ള തെളിവും കണ്ടെത്തിയിട്ടുണ്ട് . നാഗ സാധുക്കളെ കുറിച്ച് തെറ്റിദ്ധാരണകൾ പലതാണ് . അവരെല്ലാം ശിവ ഉപാസകർ ആണെന്നതാണ് അതിൽ പ്രധാനം .കുംഭ മേളക്ക് 13 അഘാടകൾ എന്ന് വിളിക്കുന്ന നാഗ സാധു ആശ്രമങ്ങൾ ആണ് പങ്കെടുക്കാറുള്ളത് .അതിൽ ഏഴെണ്ണം മാത്രമാണ് ശൈവ ധാരയിൽ ഉള്ളത് . ബാക്കി ഉള്ളതിൽ 5 എണ്ണം വൈഷ്ണവ പദ്ധതിയും മൂന്നെണ്ണം സിഖ് ഖൽസ സമ്പ്രദായവും പിന്തുടരുന്നു .

ഒട്ടേറെ കൗതകകരമായ വസ്തുതകൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കണ്ടെത്താനാവും .നാഗ അഘാടകളിൽ ഏറ്റവും പ്രസിദ്ധമായതാണ് വാരണാസിയിലെ ശ്രി പഞ്ച ദശനാം ജൂഡ അഘാട .ശിവഭഗവാന്റെ ദത്താത്രയ സ്വരൂപത്തെ ഉപാസിക്കുന്ന ഇവർ പക്ഷെ തമ്മിൽ അഭിവാദ്യം ചെയ്യുന്നത് ഓം നമോ നാരായൺ എന്ന് പറഞ്ഞാണ് .വാരണാസിയിൽ തന്നെയുള്ള മറ്റൊരു അഘടയായ അടൽ കൂടാതെ പ്രയാഗിലുള്ള മഹാനിർവാണി ,നിരഞ്ജനി , ആവാഹൻ ,നാസിക്കിലുള്ള തപോനിധി ആനന്ദ് എന്നിവയാണ് പ്രധാനപ്പെട്ട ശൈവ അഘാടകൾ . നിര്‍വാണി (അയോധ്യ),നിര്‍മോഹി (മധുര), ദിഗംബര്‍(സബര്‍കന്ത) എന്നിവർ വൈഷ്ണവധാരയില്‍ പെടുന്നു . നിർമല സമ്പ്രദായം പിൻതുടരുന്ന നിർമല അഘാടയും , ഉദാസീൻ സമ്പ്രദായം പിന്തുടരുന്ന ഹരിദ്വാറിലുള്ള ഉദാസീൻ , ബഡാ ഉദാസീൻ എന്നീ അഘാടകളും സിഖ് പദ്ധതി പ്രകാരം ആണ് .

കാഴ്ചയിൽ കൗതുകവും നിഗൂഢതയും തോന്നിക്കുന്ന നാഗ സാധുക്കളുടെ ജീവിതം പതിറ്റാണ്ടുകളുടെ ആത്മീയ സപര്യ ആണ് .നാഗ എന്നാൽ പർവതം എന്നർത്ഥം വരുന്നു . കൊടിയുടെ രക്ഷകർ എന്നർത്ഥം വരുന്ന ‘ധ്വജ് കെ രക്ഷക് ‘ എന്നതാണ് നാഗസാധുക്കളുടെ സ്ഥാനം . ഈ ധ്വജം ഓരോ അഘാടകൾക്കും വേറെ ആണ് . എന്നാൽ അവർ സംക്ഷിക്കേണ്ട ധ്വജം അഘാടകളുടെ മാത്രമല്ല , ഭാരതത്തിന്റെ കാവി ധ്വജം അഥവാ ഭാരതത്തിന്റെ പൈതൃകം തന്നെ ആണ് . സൈനികവും സാംസ്കാരികവുമായ എല്ലാ വൈദേശിക ആക്രമണങ്ങളിൽ നിന്നും ഭാരതത്തെ കാത്തുരക്ഷിക്കാൻ ആദി ഗുരു ശങ്കരാചാര്യരാണ് നാല് പീഠങ്ങളോട് ചേർന്ന് അഘാടകൾ സ്ഥാപിച്ച് നാഗ സന്യാസിമാരെ ചുമതലപ്പെടുത്തിയത് . ആയുധങ്ങൾ കൊണ്ട് യുദ്ധം ചെയ്യുന്ന അസ്ത്ര ധാരികളും , ജ്ഞാനം കൊണ്ട് ഭാരത സംസ്‌കൃതിയെ സംരക്ഷിക്കുന്ന ശാസ്ത്ര ധാരികളും എന്ന രണ്ടു വിഭാഗം നാഗ സന്യാസിമാർക്കിടയിലുണ്ട് . സന്യാസം എന്നാൽ നിസ്സംഗതയും , അഹിംസയും, അതിലൊക്കെ നിഴലിക്കുന്ന ബലഹീനതയുമാണെന്നു തെറ്റിദ്ധരിക്കപെടുന്ന ഇന്ന് ,മിലിറ്റന്റ് സന്യാസികൾ എന്ന ധർമ സംരക്ഷകർ ഭാരതത്തിന്റെ പൈതൃകം ആണെന്ന് ഓർത്തെടുക്കുകയാണ് ഈ കുംഭ മേള .
മുഗൾ ആക്രമണം ചെറുത്ത , സന്യാസി മഠങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കേണ്ടത് ധർമമായി കണ്ട , കാണുന്ന ആയുധമേന്തിയ യോദ്ധാക്കളായ സന്യാസികളാവാൻ അവരെ പാകപ്പെടുത്തുന്നത് ആഘാടകൾ നിഷ്കർഷിക്കുന്ന കഠിനമായ സാധനാക്രമങ്ങൾ ആണ് .

നാഗ സന്യാസി ആവാനുള്ള താല്പര്യം ജനിച്ചാൽ ആ വ്യക്തി 13 അഘാടകളിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം . വളരെ സൂക്ഷ്മമായ അന്വേഷണം ആണ് ആ വ്യക്തിയുടെ കഴിഞ്ഞ കാലത്തെ കുറിച്ച് ആഘാടകൾ നടത്തുക . അർഹത ഉള്ള ആളാണെന്നു കണ്ടാൽ അഘടകൾ അവർക്കു പ്രവേശന അനുമതി നൽകും .അഘാടയിലെ ആചാര്യനെ ഗുരുവായി സ്വീകരിച്ചു കഠിനമായ പരീക്ഷണങ്ങൾ നേരിടുന്നത് സാധനയുടെ ഭാഗമാണ് .വ്യതിചലിക്കാതെ ബ്രഹ്മചര്യം ,രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം തുടങ്ങിയ നിബന്ധനകൾ പൂർത്തിയാക്കണം .ശിഖ കളഞ്ഞു ജട വളർത്തിയും ,ഭൂമിയിൽ കിടന്നുറങ്ങിയും ,ദിവസം ഒരു നേരം മാത്രം ഭിക്ഷയായി ലഭിക്കുന്ന സാത്വിക ഭക്ഷണം കഴിച്ചുമാണ് അഘാടകളിൽ അവർ ജീവിക്കുക .ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ 6 മുതൽ പന്ത്രണ്ട് വർഷം വരെ അവർ അഘാടയിൽ തുടരും . തയ്യാറായെന്നു ഗുരു തീർച്ചയാക്കിയാൽ ബ്രഹ്മചാരി അവനവനു വേണ്ടി പിണ്ഡ തർപ്പണം നടത്തും . ശേഷം കുംഭ സ്നാനം നടത്തിയാലാണ് മന്ത്ര ദീക്ഷ ഉപദേശം ലഭിക്കുക . മന്ത്ര ദീക്ഷ ലഭിച്ചാൽ ആ മന്ത്രോപാസന ആത്മീയ ഉന്നതിയിൽ എത്താനുള്ള നാഗസാധുവിന്റെ തപസ്സാണ് .

ബ്രഹ്‌മചാരിയുടെ അടുത്ത ഘട്ടം മഹാപുരുഷൻ ആണ് .മഹാപുരുഷനായ നാഗ സാധുവിനു പഞ്ച പരമേശ്വരന്മാരാണ് ഗുരുക്കന്മാർ .മഹാവിഷ്ണു , പരമശിവൻ , സൂര്യ ഭഗവാൻ , ഗണപതി , പരാശക്തി എന്നിവരെ ഗുരുക്കന്മാരായി കണ്ട് സാധു ഉപാസിക്കുന്നു . മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് കാണപ്പെടുക .

മഹാപുരുഷനായി പൂർണത ലഭിച്ചാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും .തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും . അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം . ദിഗംബരൻ ആവണം . ശേഷം മാനസികവും ശാരീരികവുമായ ലൈംഗിക ഉത്തേജനം അവർ ഉപേക്ഷിക്കും .ഇതിനായി 24 മണിക്കൂർ അവധൂതൻ ധ്വജത്തിന് താഴെ അനങ്ങാതെ നിൽക്കണം . രണ്ടു കൈകളിലും ജലമേന്തിയ കുടങ്ങളും തോളിൽ ദണ്ഡായുമായാണ് അവർ നിൽക്കേണ്ടത് .24 നാല് മണിക്കൂറിനവസാനം വേദ മന്ത്രങ്ങളടങ്ങിയ ക്രിയകളോടെ അവർ മാനസികവും ശാരീരികാവുമായ ഉദ്ധാരണ ശേഷി ത്യജിക്കുന്നു . അഹംബോധവും , ബന്ധനങ്ങളും എല്ലാം ഉപേക്ഷിച്ച അവരെ ബന്ധിക്കുന്നത് ധർമ സംരക്ഷണം എന്ന കർമം മാത്രമാണ് . അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും . കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക . കൊടും ശൈത്യത്തിലും വിവസ്ത്രരായി അവർ ജീവിക്കുന്നു . അവരുടെ ആരോഗ്യം കാക്കുന്നത് ഹിമാലയ സാനുക്കളിലെ പച്ചമരുന്നും ജപ സാധ്യവുമാണ് .ആത്മീയതയുടെ പീഠങ്ങൾ കയറിയാൽ ശിവമൂലി പോലും നാഗസാധുക്കൾ വര്ജിക്കുന്നു . അവധൂതന് സൂക്ഷ്മ ശരീരം ഒരു മായയാണ് . സാധനാ ശക്തി അവർക്കു നല്കുന്ന അമാനുഷിക ശക്തികൾ സാധാരണ മനുഷ്യന് അപ്രാപ്യമാണ് . ഹിമാലയത്തിലെ ഗുഹകളിലും ചിലവഴിക്കുന്ന അവർ പക്ഷെ എല്ലാം തപശ്ശക്തിയിലൂടെ അറിയുന്നു എന്നാണ് വിശ്വാസം . ധർമത്തിന് , രാഷ്ട്രത്തിന് , ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും , ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഭാരത്തിന്റെ ധൈര്യവും .

നാഗ സന്യാസികളും അഘോരികളും ഒന്നാണെന്ന തെറ്റിധാരണയും പരക്കെയുണ്ട് . അഘോരികൾ അഘോര സിദ്ധാന്തം പിന്തുടരുന്ന മറ്റൊരു സാധു സമ്പ്രദായം ആണ് . ഭൈരവനെ ഉപാസിക്കുന്ന ശൈവ സാധുക്കളായ അവർ വിശ്വസിക്കുന്നത് എല്ലാ മനുഷ്യരും ശിവനായി ജന്മമെടുക്കുന്നു എന്നാണ് .എന്നാൽ കാമം , ലോഭം , ക്രോധം ,വെറുപ്പ് , അജ്ഞത , വിവേചനം ,ഭയം തുടങ്ങിയ അഷ്ടമഹാ പാശങ്ങൾ മനുഷ്യനെ സദാശിവ പൂർണതയിൽ നിന്നും തടയുന്നു . അദ്വൈതികൾ ആയ അവർ അഷ്ടമഹാ പാശങ്ങളെ കൗളത്തിലൂടെയും സാധനയിലൂടെയും ബന്ധിച്ചു മോക്ഷം ലക്ഷ്യമായാണ് ഉപാസനയിൽ ഏർപ്പെടുന്നത് . വികലമായി ചിത്രീകരിക്കപെടുന്ന , അസത്യങ്ങൾ അസ്തിത്വമാക്കി വളച്ചൊടിക്കപെടുന്ന രണ്ടു സമ്പ്രദായങ്ങൾ ആണ് നാഗ സാധുക്കളും അഘോരികളും . അവരുടെ തത്വം പവിത്രമായ ശിവ തത്വം തന്നെ ആണ് .അവരുടെ ഭയം ജന്മ സംസാര ബന്ധനങ്ങൾ മാത്രമാണ് .

ന മൃത്യുര്ന ശങ്കാ ന മേ ജാതിഭേദഃ പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുര്ന മിത്രം ഗുരുര്നൈവ ശിഷ്യശ്ചിദാനന്ദരൂപഃ ശിവോശിവോഹം ശിവോഹം

സാധാരണ മനുഷ്യന് മനസ്സിലാക്കാൻ പോലും സാധിക്കാത്ത ഒന്ന് .മനസ്സിലാവാത്തതിനെ നിസ്സാരനായ മനുഷ്യൻ എക്കാലവും പരിഹസിക്കുകയും , ഭയക്കുകയും , വികലമാക്കുകയും ചെയ്തുകൊണ്ടിരിക്കും .നമഃ ശിവായ .


Image Courtesy: Outlook