ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പത്രമാധ്യമങ്ങളിലും, ചാനലുകളിലും ധാരാളം ചർച്ചകൾ നടന്നു വരുന്നു. അത് കാണുമ്പോൾ എന്നെപ്പോലുള്ള ക്ഷേത്രവിശ്വാസികളുടെ മനസ്സിൽ പല സംശയങ്ങളും ഉയർന്നു വരുന്നു. അവ ഇവിടെ ഇങ്ങിനെ കുറിക്കട്ടെ.
1 . ഹിന്ദുക്കളുടെ ആരാധനാലയങ്ങൾ മാത്രം സർക്കാർ ഏറ്റെടുക്കുകയും മറ്റു മതസ്ഥർ സർക്കാരിന്റെ ഇടപെടലില്ലാതെ സ്വന്തം ആരാധനാലയങ്ങൾ കൊണ്ട് നടക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം കടുത്ത അനീതി അല്ലെ?
2 . ക്ഷേത്രം എന്നത് ആ ക്ഷേത്രത്തിലെ പ്രത്യേക ആചാരാനുഷ്ടാങ്ങളിലും ക്ഷേത്ര ഉപാസനയിലും വിശ്വാസം ഉള്ളവർക്ക് മാത്രം പ്രവേശിക്കാൻ അവകാശമുള്ള സ്ഥലം അല്ലെ. ക്ഷേത്രത്തിൽ ദേവന്റെയോ ദേവതയുടെയോ സ്വത്തായിട്ടുള്ള ക്ഷേത്ര സ്ഥലം എങ്ങിനെ പൊതുസ്ഥലം ആവും. ക്ഷേത്രാചാരങ്ങളിലും സനാതന ധർമ്മത്തിലും വിശ്വാസം ഇല്ലാത്തവർ പൊതുസ്ഥലം എന്ന പേരിൽ അവിടെ എന്തിനു പ്രവേശിക്കണം.
3 . ലിംഗസമത്വം എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലായിടത്തും എല്ലായ്പ്പോഴും പ്രവേശനം അനുവദിക്കുക എന്നതാണോ?
4 . ആർത്തവം എന്നത് ഒരു ജൈവ പ്രക്രിയയാണ്. അതുകൊണ്ടു അശുദ്ധിയില്ല എന്ന് ചിലർ വാദിക്കുന്നു. പല ക്ഷേത്രങ്ങളിലും, കുട്ടികകളുടെ മലമൂത്ര വിസർജനം നടന്നാലും, ആരുടെയെങ്കിലും ചോരവീണാലും, ശുദ്ധി കർമങ്ങൾ ചെയ്തതിനു ശേഷം മാത്രമേ പൂജാദി കർമങ്ങൾ പൂർത്തിയാക്കാറുള്ളു. മലമൂത്രവിസർജനം ഒരു ജൈവ പക്രിയാണെന്ന വാദം നാളെ ഉയർന്നു വരില്ലേ.
5 . മിക്ക ക്ഷേത്രങ്ങളിലും നിർഗുണ ബ്രഹ്മരൂപത്തിലല്ല മറിച് ഇഷ്ടാനിഷ്ടങ്ങളോട് കൂടിയ സഗുണ ദേവതകളെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്റെ ആചാരാനുഷ്ടാങ്ങൾ മറ്റ് ക്ഷേത്രങ്ങളിലെ ആചാരാനുഷ്ടാനങ്ങളിൽ നിന്നും വിഭിന്നമാണെന്നുമുള്ള വസ്തുത നാം മനസ്സിൽ ആക്കേണ്ടതല്ലേ.
6 . ഒരു ക്ഷേത്രങ്ങളിലെ ആചാരാനുഷ്ടാനങ്ങളിൽ വിശ്വാസമില്ലാത്തവർക്ക് തങ്ങൾക്കു ഇഷ്ടമുള്ള ആചാരാനുഷ്ടാങ്ങളോട് കൂടി പുതിയ ക്ഷേത്രം നിര്മിക്കുവാനും ആരാധന നടത്തുവാനുമുള്ള അവകാശം സനാതന ധർമം നൽകുന്നുണ്ട് എന്നതൊരു വസ്തുതയല്ലേ?
7 . ആരാധനാരീതികളിലെ ഈ ബഹുസ്വരതയല്ലേ ഭാരതീയ സംസ്കാരത്തിന്റെ കാതൽ?
8 . ഭരണഘടന അനുവദിക്കുന്ന ആരാധനാസ്വാതന്ത്ര്യം ഹിന്ദുക്കൾക്ക് ബാധകമല്ല എന്നുണ്ടോ?
9 .ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളിൽ മാറ്റം വരുത്തുന്നത് തനതു ശാസ്ത്രത്തിന്റെയും, ജ്യോതിഷ പ്രകാരം ഉള്ള പ്രശനചിന്തയുടെയും , മറ്റ് ധാർമിക ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിൽ ചിന്ദിച് എത്രത്തോളം അഭികാമ്യമാണെന്നു തീരുമാനിച്ച ശേഷം ആയിരിക്കില്ലേ ഉചിതം? മറിച് പാശ്ചാത്യ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷേത്രാചാരങ്ങളെ വിമർശിക്കുന്നത് ഉചിതമാണോ?
10 . മത കാര്യങ്ങളിൽ സർക്കാർ ഇടപെടാതിരിക്കുന്നതല്ലേ മതേതരത്വം. മുഗളന്മാരും, ബ്രിട്ടീഷുകാരും, അനിവാദിച്ചു തന്ന ആരാധനാസ്വാതന്ത്ര്യം കൂടി സ്വാതന്ത്രഭാരതത്തിലെ ഹിന്ദുക്കൾക്ക് നഷ്ടപെടുകയാണോ?
ക്ഷേത്ര ആചാരങ്ങളിലും തനതു ശാസ്ത്രത്തിലും വളരെയേറെ നിപുണനായിരുന്ന മാധവ്ജി, ശബരിമലയിൽ പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് അശാസ്ത്രീയമാണെന്നുള്ള അഭിപ്രായം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തെളിവിലേക്കായി അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിക്കുന്നു.
“41 ദിവസം നീണ്ടുനിൽക്കുന്ന ഈ വ്രതം ആർത്തവകാലവർത്തനം ഉള്ള സ്ത്രീകൾക്ക് നിഷിദ്ധമാണ്. അശുദ്ധമായിട്ടാചരിക്കുന്നതിന്ടെ ശാസ്ത്രീയ വശത്തിലേക്കു ലേഖനദൈർഖ്യത്താൽ കടക്കുന്നില്ല. (ക്ഷേത്രചൈതന്യ രഹസ്യം പേജ് 160 ) അത് കൊണ്ട് ഇത്തരം വിഷയങ്ങളിൽ ധാർമിക ആചാര്യന്മാരും തനതു ശാസ്ത്രജ്ഞന്മാരും നിയമജ്ഞയൻമാരും ഗൗരവത്തോടെ ചർച്ചചെയ്യണമെന്നപേക്ഷിക്കുന്നു.
Author: പി വാസുദേവൻ നമ്പൂതിരി. പാലക്കൽ ഇല്ലം, വിളയിൽ / P Vasudevan Namboothiri