പ്രിയപ്പെട്ട മുത്തശ്ശനെ പറ്റി തന്നെ വീണ്ടും – കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ കണ്ട രാഷ്ട്രീയ പ്രവർത്തനങ്ങൾ പലതും പുതു തലമുറയിൽ പെട്ടവർക്ക് അവിശ്വസനീയമായി തോന്നാം.. അതിമധുരമിട്ട ചായയുടെ അകമ്പടിയോടെ ഒരേ കുടുംബത്തിൽ പെട്ടവർ തന്നെ വിവിധ ചേരികളായി തിരിഞ്ഞ് രാഷ്ട്രീയം പറയും. ആരും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. വിവിധ പാർട്ടികളുടെ സമ്മേളനം നടക്കുമ്പോൾ ഒരേ ആൾ തന്നെ അദ്ധ്യക്ഷം വഹിക്കുന്നതും എല്ലാ നാട്ടുകാരും അതിൽ സദസ്യരാകുന്നതും ഞങ്ങൾക്ക് പതിവുകാഴ്ചയായിരുന്നു. നാട്ടിൽ എത് പാർട്ടിയുടെ സമ്മേളനം നടന്നാലും അദ്ധ്യക്ഷൻ പത്തപ്പിരിയത്ത് പിഷാരത്ത് കൃഷ്ണപിഷാരടി എന്ന ഷാരടി മാഷായിരുന്നു. അല്ലെങ്കിൽ ഞങ്ങൾ രാമാഷ് എന്ന് വിളിക്കുന്ന എടപ്പറ്റ രാമ പണിക്കരാവും . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റേയും സോഷ്യലിസ്റ്റ് പാർട്ടിയുടേയും ജനസംഘത്തിന്റേയും സമ്മേളനങ്ങളിൽ മുത്തശ്ശൻ തന്നെ അദ്ധ്യക്ഷനായി, ആർക്കും ഇതിൽ അനൗചിത്യമൊന്നും തോന്നിയില്ല. മാത്രമല്ല എല്ലാ സമ്മേളനങ്ങളും ഒരേ സ്ഥലത്ത് തന്നെയായിരുന്നു. ഭക്ഷണ ശാലയിലും അത് വിളമ്പി കൊടുക്കുന്നിടത്തും എല്ലാം ഒരേ മുഖങ്ങളായിരുന്നു .. സമ്മേളന പന്തലിലെ കൊടികളുടെ നിറം മാത്രം മാറികൊണ്ടിരുന്നു. നാട്ടുകാർ മുഴുവനും എല്ലാ സമ്മേളനങ്ങളിലും സന്തോഷത്തോടെ പങ്കെടുത്തു. അച്ചടിച്ച സമ്മേളന നോട്ടീസുകൾ എല്ലാവരും വായിച്ച ശേഷം ഭദ്രമായി സൂക്ഷിച്ചു വെക്കും.. ഉച്ചഭാഷിണി ഉണ്ടായിരിക്കും എന്ന് NB ഇട്ടെഴുതിയ നോട്ടീസുകൾ കാണുമ്പോൾ എല്ലാവർക്കും.വലിയ ഉത്സാഹമാകും.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് SFI എന്ന വിദ്യാർത്ഥി സംഘടന സ്കൂളിൽ രൂപം കൊണ്ടത്.അതിൽ മെമ്പർഷിപ്പെടുക്കാൻ 10 പൈസ വേണമെന്ന് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു
. ” അത് മാർക്സിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയാണ് നീ മാർക്സി സ്റ്റാണോ?”. പാർട്ടി യേതായാലും കുഴപ്പമില്ല.എന്റെ മുത്തശ്ശനെ പോലെ എല്ലാ പാർട്ടി പരിപാടിയിലും ബഹുമാന്യ സ്ഥാനത്ത് കയറി ഇരിക്കണം. അതാണെന്റെ ആഗ്രഹം “.
അച്ഛൻ തന്ന 10 പൈസ കൊടുത്ത് ഞാൻ SFIക്കാരനായി. പിന്നെ കുറെ ദിവസം കഴിഞ്ഞപ്പോൾ ABVP ക്കാർ വന്നു .അതിലും ഞാൻ മെമ്പറായി.അവർ പൈസയൊന്നും വാങ്ങിയില്ല.
ഞങ്ങളുടെ അമ്പലത്തിൽ മുട്ടുശാന്തിക്ക് വന്ന കൃഷ്ണൻ നമ്പൂതിരിയോട് ഞാനീ കഥയെല്ലാം പറഞ്ഞു.
അപ്പോൾ കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.. ” ഒരു പാർട്ടിയിൽ ചേർന്നാൽ അതിൽ തന്നെ ഉറച്ചു നിൽക്കണം. കണ്ട പാർട്ടികളിലെല്ലാം പോയി ചേരരുത് .”
“എന്റെ മുത്തശ്ശൻ എല്ലാ പാർട്ടിയിലുമുണ്ടല്ലോ? ” എന്റെ സംശയം അതായിരുന്നു. അയാൾ പറഞ്ഞു..
” ഷാരടി മാഷ് ഒരു ഇല മാറിയാണ്. നാളെ ലീഗ് കാര് സമ്മേളനം വിളിച്ചാൽ അതിലും അദ്ധ്യക്ഷനാകും”
എന്റെ പ്രിയപ്പെട്ട മുത്തശ്ശനെ ഇല മാറി എന്ന് വിശേഷിപ്പിച്ചത് എനിക്ക് തീരെ ഇഷ്ടമായില്ല.. വീട്ടിൽ ചെന്ന് നേരിട്ട് ചോദിച്ചു .
“മുത്തശ്ശനെന്തിനാ എല്ലാ പാർട്ടിക്കാരുടെ പരിപാടിക്കും പോണത്?. ഇല മാറി യാണോ?”
തന്റെ പല്ലില്ലാത്ത മോണകാട്ടി ശിശുസഹജമായി പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ മുത്തശ്ശൻ പറഞ്ഞു
“എടാ… അദ്ധ്യക്ഷൻ എന്ന വാക്കിന്റെ അർത്ഥമെന്താന്ന് നിനക്കറിയോ? ‘അ’ മുതൽ ‘ക്ഷ’ വരെ എന്നു വെച്ചാൽ ആദ്യം മുതൽ അവസാനം വരെ സഭയിൽ ഇരുന്ന് സഭാനടപടികൾ നിയന്ത്രിക്കുന്ന ആളാണ് അദ്ധ്യക്ഷൻ എല്ലാ അദ്ധ്യക്ഷന്മാരും നിഷ്പക്ഷരും ആയിരിക്കണം. ഏത് ആശയക്കാരും അദ്ധ്യക്ഷനായി ഒരാളെ തന്നെ ക്ഷണിക്കുക എന്നു വെച്ചാൽ അത് അയാൾക്ക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് “. തെല്ലിട നിർത്തി അദ്ദേഹം കൂട്ടി ചേർത്തു.
” വലുതാവുമ്പോൾ നീയും അതുപോലെയാകണം”
മാപ്പ് – മുത്തശ്ശാ മാപ്പ്…. എനിക്ക് അത് പോലെയാവാൻ കഴിഞ്ഞില്ല. .
Image Courtesy: Keraliyans
Author: സുരേഷ് ബാബുവിളയിൽ