അമ്മമാരെ കരയിപ്പിക്കരുതെ…..

(c)Perfect Prateek

ഉണ്ണി ഗണപതി പൂച്ചക്കുട്ടികളുടെ കൂടെ കളിക്കുകയായിരുന്നു. അപ്പോഴാണ് തള്ളപ്പൂച്ച ആ വഴി വന്നത്. അമ്മയെ കണ്ടതും പൂച്ചക്കുട്ടികളെല്ലാം അമ്മിഞ്ഞ കുടിക്കാൻ പൂച്ചമ്മയുടെ കൂടെ ഓടി പോയി.ഉണ്ണിക്ക് കലശലായ ദേഷ്യം വന്നു.. നല്ല രസമുള്ള കളിയായിരുന്നു. ആ തള്ള പൂച്ച കേറി വരാൻ കണ്ട സമയം .മുക്കിലെ ചൂലിൽ നിന്നും നല്ലൊരു ഈർക്കിലെടുത്ത് ഉണ്ണി തള്ളപ്പൂച്ചയെ അടിയോടടി. അത് വേദന കൊണ്ട് ഉറക്കെനിലവിളിച്ച് ഓടി പോയി .മക്കളും പിന്നാലെ പോയി.

ഇനിയിപ്പോൾ കളിക്കാനും ആരുമില്ല. ഉണ്ണിക്ക് സങ്കടം വന്നു. ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

ഉണ്ണിയുടെ നിലവിളി കേട്ട് ശ്രീപാർവ്വതിയമ്മ ഓടി വന്നു. ഉണ്ണിയെ വാരിയെടുത്ത് മടി യിലിരുത്തി ഉമ്മ വെച്ചു. അപ്പോഴാണ് ഉണ്ണി അതു കണ്ടത്. അമ്മയുടെ മുഖം നിറയെ ചുവന്ന് തിണർത്ത പാടുകൾ. ആരോ വടി കൊണ്ടടിച്ച പോലെ .

“എന്താ …മ്മേ മുഖം നിറയെ പാടുകൾ .ആരെങ്കിലും അമ്മയെ അടിച്ചുവോ?” ഉണ്ണി ചോദിച്ചു.
“നല്ല കാര്യായി ഉണ്യന്നല്ലേ ഇത്തിരി മുമ്പ് ഈർക്കില് കൊണ്ട് .. …ന്നെ അടിച്ചത്?”
” ഞാനോ … ഞാന് ന്റ മ്മയെ അടിക്ക്യേ …. ?”
“ഇന്ന് ഉണ്ണി ആരേം അടിച്ചിട്ടില്ല അല്ലെ?”
” അടിച്ചു… ആ തള്ള പൂച്ചയെ അടിച്ചു ”
എന്നാ .. ഉണ്ണി കേട്ടോളൂ … ലോകത്തില് ഏത് അമ്മയെ ആര് അടിച്ചാലും അത് കൊള്ളണത് എനിക്കാ …..”

ഉണ്ണിഗണപതി ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് അമ്മയുടെ മുഖത്തെ പാടുകളിൽ കുഞ്ഞു വിരലുകൾ കൊണ്ട് മുദുവായി തലോടി.. ജഗദംബയായ ശ്രീപാർവ്വതി ഉണ്ണിയെ വാരി പുണർന്നു
എന്നിട്ട് പറഞ്ഞു

“എന്റെ ഉണ്ണി ആരെയും വേദനിപ്പിക്കരുത് … ”
ഉണ്ണി പറഞ്ഞു “ഞാനിനി ആരെയും വേദനിപ്പിക്കില്ല. ഇത് സത്യം .”

അത് കൊണ്ട് കൂട്ടുകാരെ …… അമ്മമാരെ ഒരിക്കലും വേദനിപ്പിക്കരുതേ. ……. അമ്മമാർ കരയുമ്പോൾ … വേദനിക്കുന്നത് ജഗദംബക്കാണ്…..


Image Courtesy: First Moms Club