എന്ത് പ്രാർത്ഥിക്കുന്നു എന്നതിലല്ല എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിലാണ് മഹത്യം

മോശ എന്ന യഹൂദ പ്രവാചകനെ കുറിച്ച് ഓഷോ ഒരു രസികൻ കഥ പറഞ്ഞിട്ടുണ്ട്. ഒരു നാൾ നടന്നു പോകവേ, പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ഒരു സാധാരണക്കാരനെ മോശ കണ്ടുമുട്ടി. അയാളുടെ പ്രാർത്ഥന കേട്ട് മോശക്ക് ക്ഷോഭം വന്നു. അത്രക്കും പ്രാകൃതമായ ഒരു പ്രാർത്ഥനയായിരുന്നു അത്. അങ്ങേയറ്റം അസംബന്ധവും. ആ മനുഷ്യന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു.”എന്റെ ദൈവമേ…’ദൈവമേ… എന്നെ നിന്റെയടുത്തെത്താൻ കനിയണേ.ഞാനവിടെ വന്നാൽ നിന്റെ അഴുക്കു നിറഞ്ഞ വസ്ത്രമെല്ലാം കഴുകി വൃത്തിയാക്കി തരാം. നിന്റെ തലയിൽ പേനുണ്ടെങ്കിൽ അതെല്ലാം എടുത്തുകളയാം. നിന്റെ നടന്നു തളർന്ന് വീണ്ടുകീറിയ പാദങ്ങളിൽ മരുന്നു പുരട്ടി തരാം. എത്ര പഴയ പൊട്ടച്ചെരുപ്പുകളാണ് നീ ധരിക്കുന്നത്. ഞാനത് തുന്നി പോളിഷ് ചെയ്ത് തരാം നിനക്കറിയാമോ ഞാനൊരു ചെരുപ്പു കുത്തി കൂടിയാണ്.പിന്നെ നിനക്കിഷ്ടപ്പെട്ട ആഹാരം പാകം ചെയ്തു തരാം എനിക്ക് നന്നായി പാചകം ചെയ്യാനുമറിയാം.” മോശ പറഞ്ഞു ”നിർത്തു നിന്റെ പുലമ്പൽ ദൈവത്തെക്കുറിച്ച് നീ എന്താണ് കരുതിയത്? അവൻ അഴുക്കുള്ള വസ്ത്രം ധരിച്ച് പേൻ നിറഞ്ഞതലയുമായി പൊട്ടിയ ചെരിപ്പിട്ട് നടക്കുന്നവനാണെന്നോ?ആരാണ് നിന്നെ ഈ പ്രാർത്ഥന പഠിപ്പിച്ചത്?

ആ പാവം മനുഷ്യൻ പറഞ്ഞു എങ്ങനെ പ്രാർത്ഥിക്കണം എന്നെനിക്കറിയില്ല. ഇത് ഞാൻ തന്നെ ഉണ്ടാക്കിയതാണ്. എനിക്കറിയാവുന്ന കാര്യങ്ങൾ.പേനുകൾ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്. അഴുക്കുപുരണ്ട എന്റെ വസ്ത്രങ്ങൾ കഴുകി തരാനോ എന്റെ മുറിവുകളിൽ മരുന്നു പുരട്ടാനോ പലപ്പോഴും ജോലി തിരക്ക് കാരണം എനിക്ക് നേരം കിട്ടാറില്ല എന്റെ ഭാര്യക്ക് പാചകം അറിയില്ല ഭക്ഷണവും വളരെ മോശം. ഇടക്കിടക്ക് വയറുവേദനയും ഉണ്ടാകുന്നു ,ദൈവത്തെ ഞാൻ സ്നേഹിക്കുന്നു. അവനും എന്നെ പോലെയാണെങ്കിൽ ഞാനവനെ പരിചരിക്കും. ദയവു ചെയ്ത് ശരിയായ പ്രാർത്ഥന പഠിപ്പിച്ച് തരണേ.

മോശ അയാൾക്ക് പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു. ആ മനുഷ്യൻ മോശയിൽ നിന്നും പഠിച്ച പുതിയ പ്രാർത്ഥന ഉരുവിട്ടു തുടങ്ങിയപ്പോൾ കൃതാർത്ഥതയോട് കൂടി മോശ മുകളിലേക്ക് നോക്കി. ദൈവത്തിന് തന്റെ പ്രവർത്തി തീർച്ചയായും ഇഷ്ടപ്പെട്ടിരിക്കും എന്നാൽ ദൈവം ക്ഷുഭിതനായിരുന്നു’ അവൻ പറഞ്ഞു “ഞാൻ നിന്നെ അങ്ങോട്ടയച്ചത് മനുഷ്യരെ ഞാനുമായി അടുപ്പിക്കാനായിരുന്നു.എന്നാൽ എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരനെ നീ എന്നിൽ നിന്നും അകറ്റുകയാണ് ചെയ്തത്.ഇപ്പോൾ അയാൾ ചെയ്യുന്നത് പ്രാർത്ഥനയേയല്ല കാരണം പ്രാർതഥനയും നിയമവും തമ്മിൽ ഒരു ബന്ധവുമില്ല. അത് പ്രേമമാകുന്നു. എന്നോടുള്ള പ്രേമമാണ് പ്രാർത്ഥന. പ്രേമം സ്വയമേവ ഒരു നിയമമാണ്. അതിന് മറ്റൊരു നിയമവും ആവശ്യമില്ല ”

എന്ത് പ്രാർത്ഥിക്കുന്നു എന്നതിലല്ല എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിലാണ് മഹത്യം .


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil