കെ.പി.ദാമോദരൻ നമ്പൂതിരി മാസ്റ്റർ

K.P Damodaran Namboothiri Master (C) Dharmakshethra/Suresh Babu Vilayil

ഇത് കെ.പി.ദാമോദരൻ നമ്പൂതിരി മാസ്റ്റർ. ചരിത്രാധ്യാപകനായ ഇദ്ദേഹത്തിന്റെ പൈതൃക സംരക്ഷണ താൽപര്യം ഈ പ്രദേശത്തും സമീപദേശങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും വലിയ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു.. അരീക്കോടിനടുത്ത് ചെമ്രക്കാട്ടൂരിലെ പ്രസിദ്ധമായ പുല്ലൂർ മണ്ണ ഇല്ല മാണ് ഇദ്ദേഹത്തിന്റെ ജന്മഗൃഹം. അത് പൂർവകാല പ്രൗഢിയിൽ മോടിപിടിപ്പിച്ച് ,തന്റെപ്രായമായ അമ്മയേയും പരിചരിച്ച് അവിടെ തന്നെയാണ് അദ്ദേഹം കഴിഞ്ഞുകൂടുന്നത്. ആ പഴയ എട്ടുകെട്ട് തറവാടിനെ പ്രാക്തന പ്രൗഢിയോടെ പുതു തലമുറക്കുള്ള നേർക്കാഴ്ചയായി അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. ദിവംഗതനായ തന്റെ അച്ഛന്റെ സ്മരണ നിലനിർത്താൻ പഴയ പത്തായപ്പുരയും അതേ പ്രൗഢിയോടെ സംരക്ഷിക്കുന്നുണ്ട്.

അവിടെ കിടപ്പു രോഗികൾക്ക് ആശ്വാസം പകരുന്ന വാട്ടർ ബെഡുകളും വീൽ ചെയറുകളും സ്ട്രെച്ചറുകളും നിരത്തിയിട്ടുണ്ട്. അവസൗജന്യമായാണ് രോഗികൾക്ക് വിതരണം ചെയ്യുന്നത്.തന്റെ അച്ഛൻ രോഗബാധിതനായി കിടന്ന നാളുകളിൽ ഒരു വാട്ടർ ബെഡ് സംഘടിപ്പിക്കാൻ പെട്ട പാട് മാസ്റ്റർ ഇന്നും വേദനയോടെ ഓർമിക്കുന്നു. ദിവസങ്ങൾക്ക് ശേഷം ആ ശ്രമം വിജയിച്ചപ്പോൾ അത് വിരിച്ച് അതിൽ കിടത്തിയപ്പോൾ അച്ഛന്റെ മുഖത്ത് കണ്ട സന്തോഷമാണ് ഇത്തരം പ്രവർത്തനങ്ങൾക്കാധാരം” പൈതൃകം, എന്ന പേരിൽ അറിയപ്പെടുന്ന ഈ ജീവകാരുണ്യ പദ്ധതിയുടെ ഓഫീസും ഈ പത്തായപുരയിൽ തന്നെ .ധാരാളം രോഗികൾക്ക് ഇത് ഉപകാരപ്പെടുന്നു എന്നതിൽ അദ്ദേഹം അതീവകൃതാർത്ഥത നാണ്. മറ്റനവധി ജീവകാരുണ്യ പ്രവൃത്തികളും സ്വന്തം നിലക്ക് മാസ്റ്റർ ചെയ്യുന്നുണ്ട്. പല വ്യക്തികളിൽ നിന്നും സഹായവാഗ്ദത്തം കിട്ടുന്നുണ്ട്. എന്നാൽ എല്ലാം നിരസിക്കുകയാണ് ചെയ്തത് എന്ന് പറഞ്ഞപ്പോൾ ആ കണ്ണുകളിലെ ആത്മാഭിമാനത്തിന്റെ ഓളം വെട്ടൽ എന്നെ വല്ലാതെയാകർഷിച്ചു. ആരുടെയും സഹായം വാങ്ങാതെ സ്വന്തം വരുമാനം കൊണ്ട് മാത്രം നടത്തിക്കൊണ്ടു പോകുന്ന ലോകത്തിലെ തന്നെ ഏക ചാരിറ്റി പ്രവർത്തനം ഇതാകാം എന്നെനിക്ക് തോന്നുന്നു.

പുരാവസ്തുക്കളുടെയും താളിയോലക ളുടേയം ഒരപൂർവ ശേഖരവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. സമീപ പ്രദേശങ്ങളിലെ ഗവേഷണ ശാസ്ത്ര വിദ്യാർത്ഥികൾക്ക് വരെ ഇത് ഉപകാരപ്പെടുന്നുണ്ട്. പൈതൃകമായി ലഭിച്ച ഇത്തരം വസ്തുക്കൾ നൻമ വറ്റാത്ത പഴയ കാലത്തിന്റെ തിരുശേഷിപ്പുകളും അടയാളപ്പെടുത്തലുകളുമാണെന്ന് മാസ്റ്റർ ഉറച്ചു വിശ്വസിക്കുന്നു. ഭഗവദ് ഗീതയിലെ നിഷ്കാമ കർമം എന്ന ആശയമാണ് ഇതിനുള്ള പ്രേരകശക്തിയെന്നും മാസ്റ്റർ പറഞ്ഞു… സ്വന്തം ജീവിതത്തിൽ ആ മഹത്തായ ആശയം പകർത്തിയ വലിയ മനസ്സുള്ള ശ്രീ കെ.പി.ദാമോദരനെ തീർച്ചയായും നമുക്കും മാതൃകയാക്കാം..

വയോജനങ്ങൾ ജാതി മത ഭേദമന്യേ ഒരുമിച്ചു ചെറിയകൃഷി പണികൾ ചെയ്തും ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് പങ്കുവെച്ചും സമയാസമയങ്ങളിൽ അവർക്കുള്ള ആരോഗ്യ പരിരക്ഷകൾ വിദഗ്ദ്ധന്മാരായ ഭിഷഗ്വരൻമാരുടെ മേൽനോട്ടത്തിൽ നിർവഹിക്കപ്പെട്ടും നടക്കുന്ന ഒരു കമ്യൂൺ അദ്ദേഹത്തിന്റെ അടുത്ത സ്വപ്നമാണ്. പലരും പിന്തിരിപ്പിക്കുന്ന ആ സ്വപ്ന പദ്ധതിക്ക് വേണ്ട പിന്തുണ പ്രഖ്യാപിച്ചും അതിന് തന മന ധനമർപ്പിക്കാൻ ഈ യുള്ളവൻ തയ്യാറാണെന്നും പറഞ്ഞാണ് അവിടെ നിന്നും യാത്ര പറഞ്ഞത്. ഇത്ര അടുത്ത പ്രദേശത്തായിട്ടും വലിയ മനസ്സുള്ള ദാമോദരൻ മാസ്റ്ററുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അടുത്തറിയാൻ ഇപ്പോഴാണല്ലൊ കഴിഞ്ഞത് എന്ന ദുഖം എന്നെ വല്ലാതെ വേട്ടയാടുന്നു. . ദാമോദരന്റെ എല്ലാ സദുദ്യമങ്ങളും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ ആശംസകളും നേരുന്നു. ആ സ്വപ്ന കമ്യൂൺ സാക്ഷാൽക്കരിക്കപ്പെടട്ടെ.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil