അന്നപൂർണ്ണ – യാത്രയിലെ ഒരു മുഖം

ഹംപിയിലെ മാതംഗഗിരിയിൽ സൂര്യോദയം നുകരാൻ കൂട്ടം കൂടി ഇരിക്കുന്നവർക്കിടയിൽ ഒച്ചയുണ്ടാക്കാതെ അനക്കമുണ്ടാക്കാതെ ചായയും പകർന്ന് അടിവെച്ച് നീങ്ങുന്ന ഒരു ചെറുപ്പക്കാരൻ. ഒരു പ്രാർത്ഥനയുടെ വിശുദ്ധ ഭാവവുമായി .എത്ര ശ്രദ്ധ യോടെയും കരുതലോടെയുമാണ് അവന്റെ ഓരോ ചലനങ്ങളും.

ഉദയം കണ്ട് നിറഞ്ഞ മനസ്സുമായി തിരിച്ചിറങ്ങുമ്പോൾ ചെറിയൊരു കൽമണ്ഡപത്തിൽ വിളക്കും കൊളുത്തി വെച്ച് പൂജിക്കുന്നതും അതേ ചായക്കാരൻ തന്നെ. രാമായണത്തിലെ കിഷ്കിന്ധയാണ് ഹംപി എന്ന് വിശ്വസിക്കപ്പെടുന്നു. ആ വിശ്വാസത്തിന് പിൻബലം നൽകാൻ അസംഖ്യം കുരങ്ങുകൾ ഇന്നും ഇവിടെ ഉണ്ട്.

കുന്നിറങ്ങി കാറിൽ കയറിയ പ്പോൾ ഒരു ചായ കിട്ടിയാൽ കൊള്ളാമെന്ന് തോന്നി. വൃത്തിയുള്ള ഒരു തട്ടുകടയുടെ മുമ്പിൽ കാർ നിർത്തി. വയസ്സായ ഒരമ്മൂമ്മ വലിയൊരു മേശക്ക് പിന്നിൽ കസേരയിലിരിക്കുന്നു. സ്റ്റൗവും പാത്രങ്ങളും പണപ്പെട്ടിയുംഎല്ലാം കയ്യെത്തും ദൂരത്ത്.അവർ ചായയുണ്ടാക്കുന്നതും നോക്കി ഒട്ടും ധൃതിയില്ലാതെ ഞങ്ങളിരുന്നു. ധ്യാനാത്മകമായ ചലനങ്ങൾ . സ്വന്തക്കാരനായി ഒരു ശുനകൻ ഇടയ്ക്ക് അവിടെയെത്തി.അമ്മൂമ്മ ഒരു ബിസ്ക്കറ്റെടുത്ത് അവന് കൊടുത്തു. പിന്നെ ഒരു ധൃതിയുമില്ലാതെ ഗ്ലാസ്സുകളിൽ ചായ പകർന്നു ഞങ്ങൾക്ക് തന്നു. ചായ കുടിക്കു ന്നതിനിടയിൽ അമ്മൂമ്മയുമായി കുറച്ച് കുശലം .. അന്നപൂർണ്ണ എന്നാണ് പേര്. വിരൂപാക്ഷക്ഷേത്രത്തിന് മുന്നിൽ മുമ്പ് നല്ലൊരു ഹോട്ടൽ നടത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഹോട്ടൽ അവിടെ നിന്നും മാറ്റേണ്ടി വന്നു. ഇപ്പോൾ ഈ തട്ടുകട മാത്രം. സഹോദരിമാർ 2 പേരുണ്ട്. അവർക്കും തട്ടുകട തന്നെ. സീസണിൽ മാത്രമാണ് നല്ല കച്ചവടം അതിൽ നിന്നു കിട്ടുന്ന ലാഭം കൊണ്ടും ഭഗവാന്റെ അനുഗ്രഹം കൊണ്ടും വലിയ അല്ലലില്ലാതെ ജീവിച്ചു പോകുന്നു. വീണ്ടും ശുനകനെത്തിയപ്പോൾ അമ്മൂമ്മ അവനെ ശാസിച്ചു. ഞങ്ങളൊരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അവന് കൊടുത്തപ്പോൾ അമ്മുമ്മയുടെ മുഖത്ത് ഗൗരവം. ആരെന്ത് കൊടുത്താലും തിന്നോളും എന്ന ശാസന .ചായയുടെ സൂപ്പർരുചി .അത് അവരുമായി പങ്കുവെച്ചപ്പോൾ എല്ലാംവിരൂപാക്ഷ സ്വാമിയുടെ കടാക്ഷം എന്നു മാത്രം പറഞ്ഞു .വീണുകിട്ടിയ വീട്ടുരുചിയും നുണഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു.


Author: സുരേഷ് ബാബു ,വിളയിൽ /Suresh Babu Vilayil