Kuttesseri Vishu Temple , Kozhikode, Kerala

ശ്രീ ഗുരുവായൂരപ്പാ-ശ്രീ ചെറുവായൂരപ്പാ

കുട്ടികളായിരുന്നപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന ദേശത്തിന് ചെറുവായൂർ എന്നാണ് പറഞ്ഞിരുന്നത് .ഗുരുവായൂരിനെ ഓർക്കാൻ മറ്റെന്തു വേണം .30 ൽ അധികം ക്ഷേത്ര സങ്കേതങ്ങൾ പരന്നു കിടന്നിരുന്ന ആ ദേശത്തെ എനിക്കൊരിക്കലും മറക്കാൻ സാദ്ധ്യമല്ല. തൃക്കലയൂർ എന്ന മഹാദേവ ക്ഷേത്രം അതി ഗംഭീരവും അതിനൊടു ചേർന്ന ക്ഷേത്രസമുച്ചയവും കാണേണ്ടതുമാണ്. ആ ദേവസ്വത്തിനു കീഴിൽ അനവധി ചെറു ക്ഷേത്ര ദേവസ്വങ്ങൾ നിലമ്പൂർ കോവിലകത്തിന്റെയും സാമൂതിരി കോവിലകത്തിന്റെയും ജന്മഭൂമികൾ എന്നു വേണ്ട മലപ്പുറം ജില്ലയിൽ ചാലിയാറിനോടു ചേർന്നു കിടക്കുന്ന അതി മനോഹരമായ ഈ ഭൂപ്രദേശം ഒരു കാലത്ത് കാലികളെക്കൊണ്ടും കൃഷി കൊണ്ടും സമൃദ്ധമായിരുന്നു.

അവിടുത്തെ ദേശത്തിനു ചെറുവായൂർ എന്നു പേരു വരാനെന്താണു കാരണം എന്നൊരു പാടു ചിന്തിച്ചിട്ടുണ്ട്. പണ്ട് ഒരു വിധ സ്ഥലനാമങ്ങളും ദേശ ക്ഷേത്രത്തേ ദേവതയെ ആധാരമാക്കിയോ ഭഗവൽ കഥകൾ അനുസ്മരിപ്പിക്കുന്ന ചരിത്ര സംഭവങ്ങളുടെ ചുവടുപിടിച്ചോ എല്ലാം ആയിരുന്നു ഉണ്ടായിരുന്നത്. പിൽക്കാലത്ത് വന്ന സംസ്കാരച്യുതിയിൽ ശ്രീ വൈകുണ്ഠം സിയാംകണ്ടവും ഭക്തപ്രിയം പത്തപ്പിരിയവും ഭക്തനിരിക്കുന്ന ആൽ പത്തിരിയാലും മുസ്ലീം മതത്തിന്റെ പ്രചാരം ഫലമായി അനവധി ഇസ്ലാമിക പേരുകൾ വരികയും ചെയ്തത് നമ്മെ ദേശാഭിമാനമില്ലാതെയാക്കാൻ കാരണമാക്കിത്തീർത്തു.

ഗുരു അതിന്റെ വിപരീതം ലഘു ഗുരുവായൂർ എന്നു വരുമ്പോൾ ലഘുവായൂർ മാറി ചെരുവായൂർ എന്നതായതാവാം. അനവധി മഹാവിഷ്ണു ക്ഷേത്രങ്ങളും ഇല്ലങ്ങളും ടിപ്പുവിന്റെ കാലത്ത് ഇവിടെ തകർക്കപ്പെടുകയും കൊള്ളയടിച്ചതായും എന്റെ അറിവിൽത്തന്നെയുണ്ട്. അനവധി ആഢ്യ ഹിന്ദു കുടുംബങ്ങളെ മതം മാറ്റി ഇസ്ലാമിലേക്കു ചേർത്ത ചരിത്രവും കാണാം. എന്നാൽ പിന്നീടു വന്ന ദേശീയ പ്രസ്ഥാനങ്ങളും വൈദേശിക വിദ്യാഭ്യാസവും മനുഷ്യനന്മക്ക് തന്നെ ചോദ്യചിഹ്നമായിരിക്കുന്ന ഇക്കാലത്ത് ഭഗവൽസ്മരണക്ക് കൃപാസാഗത്തത്തയും മറ്റും ആശ്രയിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുണ്ടായിരിക്കുന്നത്.

അക്കാലത്ത് ഞങ്ങൾ ദിവസേന അമ്പലത്തിൽ പോവുന്നതിനു സൌകര്യമില്ലാത്ത ഒരിടത്താണ് താമസിച്ചിരുന്നത്. എന്നാലും കഴിയുന്നതും ദിവസങ്ങളിൽ അടുത്തുള്ള ഒരു മഹാവിഷ്ണുവിന്റെ അമ്പലത്തിൽ തൊഴാൻ പോവാറുണ്ട്. ചെറിയ കുറ്റിശ്ശേരി അമ്പലം .വിഗ്രഹം മുഴുവൻ എല്ലാം കൈയും കാലും വെട്ടി കഷ്ണമാക്കിയ മട്ടിൽ .പൂജക്ക് നമ്പൂതിരിയില്ല .നിവേദ്യമില്ല. വിളക്ക് കൊളുത്താൻ എണ്ണയില്ല .എന്തിനു പറയുന്നു. ദാരിദ്ര്യം പേറുന്ന ആ അമ്പലത്തിൽ തൊഴാൻ പോലും ആളില്ലാതെ .അത്രയും കഷ്ടപ്പെട്ടിരുന്ന ക്ഷേത്രങ്ങൾ ഉണ്ടായിരുന്നോ എന്നു സംശയം തോന്നും. എന്റെ അച്ഛനായി ആ അമ്പലം ഏറ്റെടുത്ത് ഒരു ശാന്തിക്കാരനെ ഏർപ്പാടാക്കി .പൂജയും എല്ലാം തുടങ്ങി. നിത്യനിവേദ്യം കോവിലകത്തു നിന്നു .വളരെക്കാലത്തെ പരിശ്രമത്തിനു ശേഷം നാട്ടുകാരുടെ കമ്മിറ്റിയും നിത്യപൂജയും എല്ലാം ആരംഭിച്ചു. ഞാനും എന്റെ രണ്ടു സ്നേഹിതന്മാരും രാവിലെയും സന്ധ്യക്കും നാമജപം തുടങ്ങി. ശനിയാഴ്ചകളിൽ ഭജനയും ഞായറാഴ്ചകളിൽ കുട്ടികൾക്ക് ആദ്ധ്യാത്മിക ക്ലാസുകളും തുടങ്ങി. വിഷ്ണുവിന്റെ അമ്പലത്തിന്നുമുമ്പിൽ വേട്ടേക്കൊരുമകന്റെ ക്ഷേത്രവും – പരദേവതാ ധ്യാനവും സാധിച്ചു. ചുരുങ്ങിയത് ഒരു മൂന്നു മാസം കൊണ്ട് ക്ഷേത്രം നവീകരിക്കാൻ തീരുമാനമെടുത്തു.

പറഞ്ഞാൽ നമ്മളാരും വിശ്വസിക്കില്ല. ഒരു കൊല്ലത്തിനുള്ളിൽ നവീകരണവും കലശവും കഴിഞ്ഞ് സ്ഥലത്തെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമായി ഉയർന്നു. അതിനു മുമ്പേ ആ പ്രദേശത്ത് നിന്നും മാറി കോഴിക്കോട്ടു താമസിക്കാൻ വന്ന എനിക്ക് പിന്നീട് ഒരിക്കൽ ഒരാദ്ധ്യാത്മിക പ്രഭാഷണത്തിനായി അവിടെ പോവേണ്ടി വന്നു. അന്ന് അറിയപ്പെടുന്ന ഒരു നാട്ടിലെ വ്യക്തി എന്നെ ഓർമിപ്പിച്ചു. ദാസ് അങ്ങയുടെ പ്രവർത്തനം വളരെ അത്ഭുതമായിരിക്കുന്നു. പറഞ്ഞാൽ വിശ്വസിക്കില്ല. നവീകരണം കഴിഞ്ഞാൽ അമ്പലം ഐശ്വര്യ പൂണ്ണെമാവും എന്നങ്ങു അന്നു പറഞ്ഞത് അക്ഷരം പടി ശരിയായിരിക്കുന്നു. ഇന്ന് എല്ലാ വിധ സൌകര്യങ്ങളുമുള്ള മറ്റൊരു നല്ല അമ്പലം ആ പ്രദേശത്തു കാണാൻ പ്രയാസ്സമാണ്.

കേവലം മൂന്നു പേരുടെ തിരുനാമജപം കൊണ്ട് ഒരു ക്ഷേത്രമുണർന്നെങ്കിൽ ഒരു ദേശത്തിന്റെ വികാസവും സംസ്കാരവും ക്ഷേമവും ഉണർന്നെങ്കിൽ ഭഗവന്നാമത്തിന്റെ ദിവ്യമായ വശ്യമായ ശക്തി ആരറിയാതെ പോവാനാണ്. നമ്മുടെ കഴിവുകൾ അറിയാതെ കണ്ടു ദൈവത്തെ ആട്ടിയോടിക്കുന്ന ഒരു സമൂഹം നമ്മുടെയിടയിൽ ഉണ്ടായിരുന്നു. ദൈവാധീനം കൊണ്ട് ഇന്നതില്ല. നാം ഉണർന്നു സമൂഹവുമായി ചേർന്നു ഭഗവൽസേവനത്തിനു ഭഗവന്നാമം മുൻ നിർത്തി ആരംഭിച്ചാൽ അനുകൂലമായ ഭഗവദനുഗ്രഹം വന്നു ചേരുമെന്ന അനുഭവം ഇവിടെ സ്പഷ്ടമാക്കുന്നു.

ഭഗവന്നാമത്തിന്റെ അപ്രമേയ ശക്തി ഏവർക്കും പ്രചോദനമാവുകതന്നെ ചെയ്യും. ഭഗവത് കഥകളുടെ സ്മരണം ആന്തരികമായ ഭഗവത്ശക്തിയുടെ സ്ഫുരണങ്ങളുയർത്തും. ജാഗ്രത്താവുമ്പൊൾ ആത്മപ്രകരണം സാദ്ധ്യമാവും. അതു കൊണ്ട് ഋഷീശ്വരന്മാരുടെ വഴികൾ പരിശുദ്ധി യിലേക്കും ഭഗവാനിലേക്കും നമ്മെ യഥാർത്ഥത്തിൽ ഉയർത്തും. സംശയമില്ല.

ഹരേ ഹരേ പ്രേമ മുരളി


Author:Kirathadas /കിരാതദാസ്

Image Courtesy:IndianWorship