ഹംപി കാഴ്ചകൾ – യാത്ര വിവരണം

ഹംപി കാഴ്ചകൾ നല്കിയ ഓർമകൾ അവസാനിക്കുന്നില്ല. സംഗീത ചക്രവർത്തിയായ പുരന്ദരദാസൻ സമാധിയായത് ഹംപിയിൽ വെച്ചായിരുന്നു. അദ്ദേഹം 1480 ൽ തീർത്ഥഹളളി താലൂക്കിലെ ആരഗയിലുള്ള പുരന്ദര എന്ന സ്ഥല ത്താണ് ജനിച്ചത്. ശ്രീനിവാസനായക എന്നായിരുന്നു പേര് .അറുപിശുക്കനും കഠോര ഹൃദയനുമായ ഒരു വജ്ര വ്യാപാരി യായിരുന്ന അദ്ദേഹം മാനസാന്തരം വന്ന് ഭാര്യ സരസ്വതി യോടൊപ്പം വീടു വിട്ടിറങ്ങി. വിട്ടലേശ്വരനെ (വിഷ്ണു ) പുകഴ്ത്തി സ്വയം രചിച്ച കീർത്തനങ്ങളും പാടി ഭിക്ഷായാചനം ചെയ്ത് തെരുവിലൂടെയലഞ്ഞു .പന്ത്രണ്ടു വർഷങ്ങളോളം അലഞ്ഞു തിരിഞ്ഞ് അവസാനം ഹംപി യിലെ വിട്ടലേശ്വരക്ഷേത്ര ത്തിലെത്തി. രാജഗുരുവും മധ്വ മഠാധിപതി യുമായ വ്യാസരായനെ കണ്ടു. പുരന്ദരരുടെ കൃതികൾ കന്നഡ ത്തിലായതുകൊണ്ട് വരേണ്യ വർഗ ത്തിന്റെ പിന്തുണ തീരെ ലഭിച്ചിരുന്നില്ല .എന്നാൽ വ്യാസരായൻ ആ വരികളിലെ മഹത്ത്വം മനസിലാക്കി അവ അമൂല്യമാണെന്ന് പ്രഖ്യാപിക്കുകയും അവയെ പുരന്ദരോപനിഷത്ത് എന്നു വിളിക്കുകയും ചെയ്തതോടെ പുരന്ദര ഗാനങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും കൈവന്നു. കൃഷ്ണദേവരായർ ഇദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി ധാരാളം സമ്പത്ത് നല്കി. എന്നാൽ പുരന്ദരദാസൻ അവയെല്ലാം ദരിദ്രർക്ക് വിതരണം ചെയ്ത് പിന്നെയും രാജ്യാന്തര യാത്രകൾ തുടർന്നു.

1539 ൽ ഇന്ന് പുരന്ദരമണ്ഡപം എന്നറിയപ്പെടുന്ന തുംഗഭദ്രയുടെ തീരത്തുള്ള കെട്ടിടത്തിൽ താമസമാക്കി. അവിടെ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ കാണാം.നാലു ലക്ഷത്തി എഴുപത്തി അയ്യായിരത്തോളം കൃതികൾ അദ്ദേഹത്തി ന്റേതായി ഉണ്ടെങ്കിലും ആയിരത്തോളം മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ശാസ്ത്രീയ സംഗീതത്തിന് ഒരു പാഠ്യ പദ്ധതി തയ്യാറാക്കിയത് പുരന്ദരരാണ്. നഷ്ടപ്പെട്ടുവെന്നു കരുതിയ തോടി, കല്യാണി രാഗങ്ങൾ വീണ്ടെടുത്തതും അവ പ്രചാര ത്തിൽ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. സംഗീത പഠനത്തിന്റെ പ്രാരംഭത്തിൽ മായാ മാളവഗൗള രാഗത്തെ സ്വീകരിച്ച്അഭ്യസനം ലളിതമാക്കിയതും അദ്ദേഹമാണ്.

1564 ലെ ജനുവരിയിൽ പൂയം നാളും പുണ്യ അമാവാസി യും ഒരുമിച്ച് വന്ന പുണ്യദിനത്തിൽ അദ്ദേഹം സമാധിയായി. ഇന്നും ആ ദിനത്തിൽ ദക്ഷിണേന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞർ ആ പിതാ മഹന്റെ ഓർമക്ക് മുമ്പിൽ സംഗീതാരാധന നടത്താറുണ്ട്.. അന്നും ഹംപി വീണ്ടും ഉൽസവ ത്തിന്റെ സപ്തസ്വരച്ചാർത്തിൽ പൂർവാധികം സുന്ദരിയായി പുതിയ നിറ ക്കൂട്ടുകൾ വാരിവിതറി സന്ദർശകരെ അങ്ങോട്ട് ആകർഷിക്കും.


Author: സുരേഷ് ബാബു വിളയിൽ/Suresh Babu Vilayil