കൃഷ്ണനായി കൃഷ്ണ പിഷാരടി

(C) Dharmakshethra/ Suresh Babu Vilayil

ഇത് പത്തപ്പിരിയത്ത് പിഷാരത്ത് കൃഷ്ണ പിഷാരടി ._ എന്റെ പ്രിയപ്പെട്ട അച്ഛച്ഛൻ. ഫുൾസ്ലീവ് ഖദർ ഷർട്ടും മുണ്ടും പച്ചക്കരയുള്ള ഖദർ ഷാളും. അതായിരുന്നു മുത്തശ്ശന്റെ സ്ഥിരം വേഷം. കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു .അവിടെ നിന്നും 60-ാം വയസിലാണ് പിരിഞ്ഞത്. എവിടെ ചെന്നാലും മുത്തശ്ശന് അവിടെ ഉയർന്ന ഒരു സ്ഥാനം തന്നെയുണ്ടായിരുന്നു. അങ്ങനെയുള്ളവരെ ട്രോളുന്നത് ഹരമാക്കിയവർ ഇന്നത്തെ പോലെ അന്നും ഉണ്ടായിരുന്നു. നസ്യം പറയുക എന്നാണ് അതിന് സംസ്കൃതം . .രണ്ടു മൂന്നു പ്രാവശ്യം ആ നസ്യം പറച്ചിൽ ഞാൻ കേട്ടു. അതിങ്ങനെയായിരുന്നു.

,”കൃഷ്ണ ഷാരടി വന്നു. ഇനി എച്ചിലില എട്ക്കാൻ വേറെ ആളെ നോക്കണ്ട”
എന്റെ പ്രിയപ്പെട്ട മുത്തശ്ശനെ ഇങ്ങനെ ട്രോളുന്നത് കേട്ട് കേട്ട് മടുത്തപ്പോൾ അമ്മയോട് ചോദിച്ചു.അമ്മ ആ കഥ പറഞ്ഞു തന്നു. പത്തപ്പിരിയത്ത് ഷാരത്ത് എന്തോ ഒരു വിശേഷം ഉണ്ടായപ്പോൾ ആദ്യത്തെ പന്തി സദ്യയുണ്ട് കഴിഞ്ഞപ്പോൾ എച്ചിലില എടുക്കാൻ ആരുമില്ല .അതിന് ഏല്പിച്ചവർ എന്തോ കാരണം പറഞ്ഞ് പണിമുടക്കി.. അടുത്ത പന്തിക്ക് വിളമ്പാനാവാതെ സംഘാടകർ കുഴങ്ങി. പുറത്ത് ഒത്തുതീർപ്പിനുള്ള നയതന്ത്രം മുറുകിയപ്പോൾ അതിന്റെ തീരുമാനത്തിന് കാത്ത് നില്ക്കാതെ മുത്തശ്ശൻ ഖദർ ഷാളും അരയിൽ കെട്ടി എച്ചിലിലകളെല്ലാം എടുത്തു മാറ്റി. .സഹായത്തിനെത്തിയവരെയ വിലക്കി. അദ്ദേഹം തന്നെ ഒറ്റക്ക് ആ കർമം മുഴുവനായി നിർവഹിച്ചു..
മുത്തശ്ശന്റെ കൂടെ ഭാഗവത സപ്താഹത്തിന് ഞാനും പോകാറുണ്ടായിരുന്നു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു അത്. കോട്ടക്കാടപ് ഫൻ എന്നറിയപ്പെടുന്ന വാസുദേവൻ നമ്പൂതിരിയുടെ ഭക്തി രസം കരകവിഞ്ഞൊഴുകുന്ന ഭാഗവത കഥാകഥനം .അത് കേൾക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. പദേ പദേ സ്വാദ് സ്വാദ് അന്ന് യുധിഷ്ഠിരന്റെ രാജസൂയമായിരുന്നു പറഞ്ഞത്. രാജസൂയത്തിന് എത്തിച്ചേരുന്ന അതിഥികളെയെല്ലാം സ്വീകരിക്കാനുള്ള ചുമതല ദുര്യോധനനായിരുന്നു. അവരുടെ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ചുമതല ഭീമസേനനായിരുന്നു. ദാനധർമ നിർവഹണത്തിന്റെ മേൽനോട്ടം കർണനായിരുന്നു.എല്ലാ ചുമതലകളും ഓരോരുത്തർക്കും വിഭജിച്ച് നൽകിയപ്പോൾ എച്ചിലില എടുത്തുകളയാനുള്ള ചുമതല ഏറ്റെടുക്കാൻ ഒരാൾ മുന്നോട്ടുവന്നു.അദ്ദേഹം സന്തോഷത്തോട് കൂടി ആ ജോലി നിർവഹിച്ചു.ഇത് കേട്ടതും ഞാൻ എന്റെ മുത്തശ്ശന്റെ മുഖത്തേത് ഒളികണ്ണിട്ടൊന്ന് നോക്കി. ഭാഗവതാചാര്യൻ കഥ അവസാനിപ്പിക്കുകയാണ്. അതിഥികൾ ഭക്ഷണം കഴിച്ച എച്ചിലിലകൾ എടുത്തു കളഞ്ഞത് ഭഗവാൻ കൃഷ്ണനായിരുന്നു. മുത്തശ്ശന്റെ കണ്ണുകൾ ഭക്തി പാരവശ്യത്താൽ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാനോർത്തു. എന്റെ പ്രിയപ്പെട്ട മുത്തശ്ശന്റെ പേരും കൃഷ്ണൻ എന്ന് തന്നെയാണല്ലോ?


Author: സുരേഷ് ബാബു വിളയിൽ / Suresh Babu Vilayil