ഹിമാൻസു – യാത്രയിലെ ഒരു മുഖം

(C) Dharmakshethra-Suresh Babu

ഇത് ഹിമാൻസു. ഉത്തരകാശി ഭാഗത്ത് 2012ൽ ഉണ്ടായ മേഘ സ്ഫോടനം എന്ന് വിളിക്കാവുന്ന വെള്ളപ്പൊക്കത്തിലും അതിനോടനുബന്ധിച്ചുണ്ടായ ഉരുൾപൊട്ടലിലും ആയിരങ്ങൾക്ക് ആൾനാശം സംഭവിച്ചപ്പോൾ ഒരു കരിമ്പാറയുടെ വിള്ളലിൽ രണ്ട് ദിവസങ്ങൾ മുഴുവൻ അള്ളിപ്പിടിച്ച് കിടന്ന് ജീവൻ നിലനിർത്തിയ ഏഴ് വയസ്സുകാരൻ. ഇന്ത്യൻ ആർമി നിയോഗിച്ച സുരക്ഷാ പ്രവർത്തകർ നടത്തിയ തെരച്ചിലിൽ മൃതപ്രായനായ അവനെ കണ്ടെത്തി .അവർ ഹിമാൻ ശുവിനെ ഹെലിക്കോപ്റ്ററിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. മൂന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന ഹിമാൻ ശു സ്കൂളിന് അവധിയായപ്പോൾ കേദാർനാഥിലേക്കുള്ള തീർത്ഥാടക വഴിയിൽ ചായക്കച്ചവടം നടത്തുകയായിരുന്ന അച്ഛനെ സഹായിക്കാൻ കൂടെ പോയതായിരുന്നു. കരിമ്പാറയുടെ വിള്ളലിൽ പറ്റി ചേർന്ന് കിടക്കുമ്പോൾ ,തന്റെ അച്ഛനും കൂട്ടുകാരും മലവെള്ളത്തിൽ ഒലിച്ചുപോകുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് അവന് കാണേണ്ടി യും വന്നു.

 

 

ഏഴ് വയസ് കാരന്റെ അത്ഭുതകരമായ ഈ അതിജീവനം ദേശീയ പത്രങ്ങളിൽ വലിയ വാർത്തയായി.ത്രിയുഗ് നാരായൺ മന്ദിരത്തിനടുത്താണ് അവന്റെ വീട്. അമ്മയും ഏട്ടനും ഉണ്ട്. ഈ വാർത്ത ശ്രീ.പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ശ്രദ്ധയിൽ പെടുകയും ഗൃഹനാഥൻ നഷ്ടപ്പെട്ട ആ കുടുംബത്തിന് വേണ്ട സഹായം നൽകണമെന്നും ഹിമാൻ ശുവിനെ നവോദയ സ്ക്കൂളിൽ ചേർത്തി പഠിപ്പിക്കണമെന്നും അഭ്യർത്ഥിച്ച് അന്നത്തെ പ്രതിരോധ മന്ത്രിയായ എ.കെ.ആൻറണിക്ക് അദ്ദേഹം ഒരു കത്തെഴുതുകയും ചെയ്തു.മഹാമാരിയിൽ നഷ്ടപ്പെട്ട വീട് പുനർനിർമ്മിക്കാൻ വേണ്ട നടപടികൾ ശ്രീ ആന്റണി കൈ കൊണ്ടു.ഹിമാംശു വിന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ഇന്നും ശ്രീ.പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ധനസഹായം ചെയ്യുന്നുണ്ട്.

(C) Dharmakshethra-Suresh Babu

ഓരോ വർഷവും ഹിമാലയ യാത്രയിൽ ഹിമാൻശുവിനെയും കുടുംബത്തേയും സന്ദർശിക്കാറുമുണ്ട്. ഇന്നവർ സർക്കാർ സഹായത്തോടെ ലഭിച്ച നല്ലൊരു വീട്ടിലാണ് താമസിക്കുന്നത്. ഇന്നവൻ ഏഴാം ക്ലാസ്സി ലാ ണ് പഠിക്കുന്നത്. അവനെ ചേർത്ത് നിർത്തി നമ്പൂതിരിപ്പാട് കുശലങ്ങൾ ചോദിച്ചറിഞ്ഞു. വലുതായാൽ ആരാവണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ഉത്തരം പറയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. വിടർന്ന കണ്ണുകളോടെ അവൻ പറഞ്ഞത് രാജ്യം കാക്കുന്ന പട്ടാളക്കാരനാകാനാണ് അവന് ആഗ്രഹം എന്നായിരുന്നു. പിന്നീട് അവൻ ഞങ്ങളെ യെല്ലാം വീട്ടിലേക്ക് ക്ഷണിച്ചു .അവന്റെ അമ്മ കൂപ്പുകൈയോടെ ഞങ്ങളെ സ്വീകരിച്ചു. വീട്ടിലേക്കുള്ള പടികൾ ഇറങ്ങുമ്പോൾ രാജ്യത്തിന്റെ തെക്കെ അറ്റത്തുള്ള നൂറിന്റെ നിറവിലെത്തിയ സ്നേഹനിധിയായ അപ്പൂപ്പൻ തെന്നി വീഴാതിരിക്കാൻ അവൻ പരമാവധി ശ്രദ്ധിച്ചു. അവന്റെ കൈകളിൽ കൈ ചേർത്ത് നമ്പൂതിരിപ്പാട് അകത്തേക്ക് പ്രവേശിച്ചു.അകാലത്തിൽ നഷ്ടപ്പെട്ട കുടുംബനാഥന്റെ വിയോഗത്തിന്റെ കണ്ണീർ പടർന്ന അവന്റെ അമ്മയുടെ പുഞ്ചിരി മനസ്സിൽ നിന്നും പോകുന്നില്ല.

ഹിമാൻശുവിനും കുടുംബത്തിനും എല്ലാ നൻമകളും ആശംസിക്കുന്നു.


Author : സുരേഷ് ബാബു വിളയിൽ /Suresh Babu Vilayil